Color Skins

0
bg_image
മന:ശ്രീ മിഷൻ മാനസികാരോഗ്യ സാക്ഷരത

ഇന്നും മലയാളിക്ക് മനസ്സിന്റെ ചികിത്സ എന്നത് ഒരു ഭയം തന്നെ. യഥാർത്ഥത്തിൽ മറ്റേതൊരു രോഗത്തേയും പോലെ ചികിത്സിച്ചു മാറ്റാൻ കഴിയുമെന്നവയാണ് മാനസിക പ്രശ്നങ്ങൾ. എന്നാൽ ഈ തിരിച്ചറിവിലേക്ക് മലയാളിയെ നയിക്കാനുള്ള മഹത്തായ ദൗത്യമാണ് മന:ശ്രീ മിഷൻ ലൈഫ് ഡിസൈനിംഗ് പരിശീലനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മാനസികാരോഗ്യ സാക്ഷരതാ പരിപാടികൾ.

കേരളത്തിൻറെ ചരിത്രത്തിൽ ആദ്യമായി, കഴിഞ്ഞ മൂന്നു ദശാബ്ദ കാലത്തിനുള്ളിൽ മലയാളക്കരയിൽ പതിനായിരക്കണക്കിന് പഠിതാക്കൾ മന:ശ്രീ മിഷനിലൂടെ മന:ശാസ്ത്ര സാക്ഷരതക്ക് 'മന:ശ്രീ' കുറിച്ച് കടന്നുപോയി.

ഇതിനായി മന:ശ്രീ മിഷൻ കേരളത്തിൽ ഉടനീളം മാനസികാരോഗ്യ സാക്ഷരതാ പഠന ക്യാമ്പുകൾ, പഠന ക്ളാസ്സുകൾ, ഏകദിന, ത്രിദിന, ദശദിന റെസിഡൻഷ്യൽ പരിശീലനങ്ങൾ, ബോധവത്കരണ ക്ലാസ്സുകൾ, റോഡ് ഷോകൾ, ലഘുലേഖ പ്രചരണങ്ങൾ, മന:ശ്രീ മന:ശാസ്ത്ര ദ്വൈമാസിക പ്രസിദ്ധീകരണം, വിദ്യാർത്ഥികൾക്കായി കഥാ - ലേഖന മത്സരങ്ങൾ, പ്രസംഗം മത്സരങ്ങൾ, ചിത്ര രചനാ മത്സരങ്ങൾ, മാരിറ്റൽ ലിറ്ററസി ക്യാമ്പുകൾ, കുട്ടികളുടെ ക്യാമ്പുകൾ, അൻപതിലധികം മന:ശാസ്ത്ര ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, വയോജന യോഗങ്ങൾ, വിദ്യാഭ്യാസ പ്രോത്സാഹന സ്കോളർഷിപ്പുകൾ, മന:ശാസ്ത്ര പഠന കോഴ്സുകൾ, ഓൺലൈൻ മന:ശാസ്ത്ര ക്ളാസ്സുകൾ എന്നിങ്ങനെ നിരവധി പരിശീലനങ്ങൾ സംഘടിപ്പിച്ചു വരുന്നു.

2020 കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ ലോകത്തെ 68 രാജ്യങ്ങളിലായി മാനസികമായി തകർന്നു പോയ ലക്ഷക്കണക്കിന് മലയാളികൾക്ക് 'താങ്ങും തണലുമായി' നിരവധി ഓൺലൈൻ പരിപാടികളും കൗൺസിലിംഗ പരിശീലനങ്ങളും മന:ശ്രീ മിഷൻ സംഘടിപ്പിച്ചിരുന്നു.

ആ നിലയിൽ എറണാകുളം ജില്ലയിലെ മുളന്തുരുത്തി കേന്ദ്രമായി പ്രവർത്തിക്കുന്ന മന:ശ്രീ മിഷൻ മലയാളികളുടെ മാനസികാരോഗ്യ രംഗത്ത് ചിരപരിചിതമായ ( ബ്രാൻഡഡ്) നാമമാണ്.

'നമ്മുടെ ആരോഗ്യം നമ്മുടെ അവകാശമാണ്' എന്നു ചിന്തിക്കുന്ന ഒരു ജനതയായി മലയാളി സമൂഹം മാറേണ്ടതുണ്ട്. 'ആരോഗ്യം' എന്നത് സാമൂഹിക സുരക്ഷയുടേയും സാമൂഹിക നീതിയുടെയും ഭാഗമായിരിക്കണം. രോഗം വന്നാൽ ചികിത്സ നല്കണം എന്നതല്ല, രോഗം വരാതിരിക്കാൻ ആവശ്യമായ വ്യക്തിപരമായും കുടുംബപരമായും നിഷ്ഠകളും കരുതലുകളും എടുക്കുക, സാമുഹിക സുരക്ഷിതത്വവും പാരിസ്ഥിതിക സംരക്ഷണങ്ങളും കൈക്കൊള്ളുക എന്നതെല്ലാമാണ്, ആധുനിക ആരോഗ്യ സങ്കല്പം.

'ആരോഗ്യം' എന്നത് വ്യക്തി കേന്ദ്രീകൃതമായിക്കഴിഞ്ഞു. കുടുംബം ആരോഗ്യത്തിൻറെ അടിസ്ഥാന യൂണീറ്റായി കരുതിയിരുന്ന കാലഘട്ടം അസ്തമിച്ചു കഴിഞ്ഞു. ഇവിടെ നിന്നുമാണ് നമ്മുടെ നാട് നേരിടുന്ന പ്രശ്നങ്ങളുടെ യഥാർത്ഥ തുടക്കം.

'മാനസികാരോഗ്യത്തിലൂടെ സമ്പൂർണ്ണ ആരോഗ്യത്തിലേക്ക്' എന്ന മുദ്രാവാക്യവുമായി മാനസികാരോഗ്യ രംഗത്ത് ചരിത്രം രചിക്കുക എന്നതാണ് മന:ശ്രീ മിഷൻറെ ദൗത്യം.

'സമ്പൂർണ്ണ സാക്ഷരതാ കേരളം' എന്നത് ആലങ്കാരികമായ പ്രയോഗം മാത്രമാണ്. അറിവില്ലായ്മയും തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് ഇരുൾ മൂടിയ, നിഗൂഢതകൾ നിറഞ്ഞ ഒരു ലോകമാണ് ഇന്നും കേരളത്തിലെ മാനസികാരോഗ്യ മേഖല. മാനസികാരോഗ്യ പ്രവർത്തകർ പോലും ശാസ്ത്ര ബോധത്തേക്കാൾ, ജാതി മത വിശ്വാസത്തിൻറെ ചട്ടകൂടിലാണ് പ്രവർത്തിക്കുന്നത്.

"രോഗങ്ങൾ ഇല്ലാത്ത അവസ്ഥ മാത്രമല്ല, ആരോഗ്യം. ശാരീരികവും മാനസികവും സാമൂഹികവുമായ സമ്പൂർണ്ണ സുഖാവസ്ഥയാണ് ആരോഗ്യം." എന്നതാണ് ലോകാരോഗ്യ സംഘടനയുടെ (WHO) നിലപാട്.

മന:ശാസ്ത്രത്തെ ജനകീയ ശാസ്ത്രമാക്കുവാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മന:ശ്രീ മിഷൻ ലൈഫ് ഡിസൈനിംഗ് പരിശീലനങ്ങൾ സംഘടിപ്പിക്കുന്നത്.

മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ

രണ്ടാം ലോക മഹായുദ്ധത്തിൽ താറുമാറായ മനുഷ്യ മനസ്സുകളെ സമാധാനത്തിലേക്കും ആരോഗ്യത്തിലേക്കും നയിക്കുന്നതിനുള്ള അന്വേഷണത്തിലാണ് 1945 ൽ മന:ശാസ്ത്ര ലോകം 'മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ ' എന്ന ആശയം രൂപപ്പെടുത്തിയത്. തുടർന്ന് ആസ്ട്രേലിയായിൽ ആദ്യമായി മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ പഠനങ്ങളും പരിശീലനങ്ങളും ആരംഭിച്ചു. ഇന്ന്, ലോകത്ത് ഒട്ടാകെ നൂറിലധികം രാജ്യങ്ങളിൽ ഈ രംഗത്ത് സജീവമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ലോക ജനസംഖ്യയുടെ 23 ശതമാനം വിവിധ തരം മാനസിക പ്രശ്നങ്ങളുടെ പിടിയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ 1992 മുതൽ ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ഓരോ വർഷവും ഓരോ വിഷയങ്ങൾക്ക് പരിഗണന നല്കിയാണ് മാനസികാരോഗ്യ ദിനാചരണം നടത്തുന്നത്. 2024 ഒക്ടോബർ 10 ൽ 'തൊഴിലിടങ്ങളിലെ മാനസികാരോഗ്യത്തിന് പരിഗണന നല്കാൻ സമയമായി' എന്നതാണ് മുദ്രാവാക്യം. കുട്ടികൾ, സ്ത്രീകൾ, വയോജനങ്ങൾ, മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഉൾപ്പെടെ ഉള്ളവരുടെ മാനസികാരോഗ്യത്തിനായി ലോകമൊട്ടാകെ വിവിധ പദ്ധതികൾ ലോകാരോഗ്യ സംഘടന വിജയകരമായി നടപ്പാക്കി വരുന്നു.

ഇന്ന് നമ്മുടെ ഭാരതം, ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിയായി വളർന്നു കഴിഞ്ഞു. 2030 ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറാൻ വ്യവസായിക, വാണിജ്യ, ബിസിനസ്സ്, നിർമ്മാണ രംഗത്ത് വൻ വികാസം നേടി മുന്നേറുകയാണ്. നഗരവത്കരണത്തിൻറെയും സാമ്പത്തിക വികസനത്തിന്റെയും സ്വാഭാവിക പ്രതികരണമായി ജനങ്ങളുടെ മാനസികാരോഗ്യ രംഗത്ത് വലിയ പ്രശ്നങ്ങളും പ്രതിവിധികളും രാജ്യം നേരിടുകയാണ്.

ഇന്ത്യൻ ജനതയുടെ പത്തിൽ ഒരാൾ വീതം മാനസികാരോഗ്യ പ്രശ്നങ്ങൾ (10.6%) നേരിടുന്നുണ്ട്. പുരുഷന്മാർ (13.9%) ശതമാനവും സ്ത്രീകൾ (7.5%) ശതമാനവും ഉൾപ്പെടുന്നു എന്നാണ് ദേശീയ മാനസികാരോഗ്യ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നത് മണിപ്പൂർ(14.1%) മധ്യപ്രദേശ് (13.9%) പഞ്ചാബ് (13.4%)പശ്ചിമ ബംഗാൾ (13%) എന്നിവിടങ്ങളിലാണ്. ഏറ്റവും കുറവ് നിരക്ക് അസം(5.8%), ഉത്തർപ്രദേശ് ( 6.1%) എന്നീ സംസ്ഥാനങ്ങളിലുമാണ്. എന്നാൽ നമ്മുടെ സ്വന്തം ദൈവത്തിന്റെ നാട്ടിലെ നിരക്ക് (11.4%) ശതമാനം എന്നാണ് റിപ്പോര്ട്ട് പറയുന്നത്.

ദേശീയ മാനസികാരോഗ്യ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് നിലനില്ക്കുന്ന ഓൾ തന്നെ ഒരു സത്യം നമ്മൾ മനസ്സിലാക്കണം, നമ്മൾ മാനസികാരോഗ്യ പ്രശ്നങ്ങൾ മറച്ചു വെച്ചു ജീവിക്കുന്നവരാണ്. ഇത്ര രോഗങ്ങളെ അപേക്ഷിച്ച് മലയാളികൾ ഏറ്റവും ഭയപ്പെടുത്തുന്നത് മാനസിക പ്രശ്നങ്ങളെയാണ്. സത്യം തുറന്നു പറയാനോ ചികിത്സ തേടുവാനോ ബഹുഭൂരിപക്ഷവും തയ്യാറല്ല. മാനസിക പ്രശ്നങ്ങളോടുള്ള സമൂഹ മനോഭാവം വളരെ മോശമാണ്. എല്ലാവരും പറയുന്നത് മാനസിക പ്രശ്നങ്ങൾ വച്ചുകൊണ്ടിരിക്കരുത് എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടണം എന്നുതന്നെയാണ്. പക്ഷെ അത് "നിങ്ങൾ ചെയ്യുക, ഞാൻ തയ്യാറല്ല. എനിക്ക് പ്രശ്നങ്ങളില്ല." എന്നതാണ്. ആ നിലയ്ക്ക് പരിശോധിച്ചാൽ ദേശീയ മാനസികാരോഗ്യ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൻറെ ഇരട്ടിയിലധികം മനോരോഗികൾ രാജ്യത്തുണ്ട്. കേരളത്തിന്റെ അവസ്ഥ അതിനേക്കാൾ ഭയാനകമാണ്. എന്നാൽ ഇത് തുറന്നു സമ്മതിക്കാൻ ഭരണകൂടം പോലും തയ്യാറല്ല. ഇവിടെയാണ് മാനസികാരോഗ്യ സാക്ഷരതാ പ്രവർത്തനത്തിൻറെ പ്രസക്തി വർദ്ധിക്കുന്നത്.

ഇതിൻെറ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ആരോഗ്യ പ്രശ്നങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ, ആത്മഹത്യകൾ, ഹൃദയാഘാതങ്ങൾ, റോഡപകടങ്ങൾ, വിവാഹ മോചനങ്ങൾ, ശാരീരിക മാനസിക രോഗങ്ങൾ, ലഹരി ഉപഭോഗം, മദ്യ ഉപഭോഗം, അക്രമങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവയുടെ കണക്കിൽ നമ്മുടെ കൊച്ചു കേരളം, ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. ഇവിടെ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നവരുടെ എണ്ണം പത്ത് ലക്ഷം കഴിഞ്ഞു എന്നത് അത്ര നല്ല സുവാർത്ത അല്ലല്ലോ?

1980 മുതൽ ഭാരതത്തിൽ നടപ്പാക്കി വരുന്ന ദേശീയ മാനസികാരോഗ്യ പദ്ധതികൾ കേരളത്തിലെ എല്ലാ ജില്ലകളും ഉൾപ്പെട്ടിരുന്നു. എന്നാൽ പ്രായോഗികമായി ഫലപ്രദമായ നടപടികളോ, പരിപാടികളോ, പദ്ധതികളോ നടപ്പാക്കിയിട്ടില്ല. നമ്മുടെ കൂട്ടുകുടുംബങ്ങളുടെ തകർച്ചകളും ജോലി തേടിയുള്ള പരദേശ കുടിയേറ്റങ്ങളും പുത്തൻ ഉപഭോഗ സംസ്കാരങ്ങളും ഫാസ്റ്റ് ഫുഡ് സംസ്കാരങ്ങളും, ലക്ഷ്യ ബോധം നല്കാൻ കഴിയാത്ത വിദ്യാഭ്യാസവും അരക്ഷിതമായ രാഷ്ട്രീയ സമ്മർദ്ദങ്ങളും സൃഷ്ടിച്ച് മൂല്യത്തകർച്ചകളും കേരളത്തിൻെറ സാമുഹിക പാരിസ്ഥിതിക മേഖലകളിൽ സൃഷ്ടിച്ച വൻ ആഘാതങ്ങളും ഒത്തു ചേർന്നാണ് മലയാളി മനസ്സുകളെ ധൃതവേഗത്തിൽ മാനസിക വൈകല്യങ്ങളിലേക്ക് നയിക്കുന്നത്.

ഇതിൻെറ ഫലമായി കേരളത്തിലുടനീളം മനോരോഗ ചികിത്സാ കേന്ദ്രങ്ങൾ, കൗൺസിലിംഗ് സെന്ററുകൾ ഇടം പിടിച്ചു. എല്ലാ ആശുപത്രികളിലും മാനസിക ചികിത്സാ വിഭാഗങ്ങൾ ആരംഭിച്ചു. മോഡേൺ മെഡിസിൻ ചികിത്സാ വിഭാഗങ്ങൾ ഒഴിവാക്കി നിർത്തിയിരുന്ന കൗൺസിലിംഗ്, മന:ശാസ്ത്ര ചികിത്സ വിഭാഗങ്ങളെ ഉൾക്കൊള്ളാൻ തയ്യാറായതും ഈ മാറ്റത്തിന്റെ സ്വാധീനമാണ്. വിദ്യാലയങ്ങൾ യഥാർത്ഥ കൗൺസിലിംഗ് പരിശീലന കേന്ദ്രങ്ങളും അദ്ധ്യാപകർ യഥാർത്ഥ കൗൺസിലറന്മാരുമാണ്. എന്നാൽ സ്കൂളായ സ്കൂളിലെല്ലാം കൗൺസിലറന്മാരും സോഷ്യൽ വർക്കേഴ്സും സ്ഥാനം പിടിച്ചു എന്നത് പ്രതിസന്ധികളുടെ ആഴം ബോധ്യപ്പെടുത്തുന്നു. നമ്മുടെ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ ഒരു ദിനം ഒരു വിദ്യാർത്ഥി വീതം ആത്മഹത്യ ചെയ്യുന്നുവെന്നത് നമ്മളെ ഞെട്ടിക്കേണ്ടതാണ്. എന്നാൽ ആരും ഞെട്ടിയിട്ടില്ല. നമ്മുടെ മത - രാഷ്ട്രീയ നേതാക്കൾക്ക് ഇതൊന്നും അവരുടെ അജണ്ടയുടെ ഭാഗമല്ല.

നമ്മുടെ പുതു തലമുറ വിവാഹമോചന ലഹരിയിലാണ്. വിവാഹത്തിന് മുൻപും പിൻപും ഇടവേളകളിലും ദാമ്പത്യ പരിശീലന കളരികളിൽ പങ്കെടുപ്പിച്ചാലും പ്രയോജനം 'നഹി' എന്നതാണ് അവസ്ഥ.

നമ്മുടെ ആശുപത്രികളിൽ പീഡിയാട്രിക് സൈക്കോളജി വിഭാഗം കൂടി ആരംഭിച്ചു എന്നത് ഒരു സന്തോഷ വാർത്തയല്ല. നമ്മുടെ വയോജനങ്ങൾ ശരണാലയങ്ങളിലേക്ക് അഭയം തേടി പാലായനം ചെയ്യുന്നു. നമ്മുടെ കൗമാരവും യൗവ്വനവും പരദേശികളാകാൻ മത്സരിക്കുകയാണ്. ദശലക്ഷങ്ങളാണ് കൂട്ടപാലായനം നടത്തുന്നത്. ചിതറി തെറിച്ചു പോകുകയാണ്, ദൈവത്തിന്റെ സ്വന്തം മക്കൾ!

സ്വാതന്ത്ര്യത്തിന് മുന്നേ സായിപ്പ് ഭരിച്ചിരുന്ന മലയാള രാജ്യത്ത് മാനസിക ചികിത്സയ്ക്ക് തെക്കും വടക്കും രണ്ട് ആശുപത്രികളാണ് ഉണ്ടായിരുന്നത്. ഊളൻപാറയും കുതിരവട്ടവും. പട്ടാളക്കാർക്കായി തുടങ്ങിയ സ്ഥാപനമായിരുന്നു. പിന്നീട് പൊതുജനത്തിനായി തുറന്നു കൊടുത്തുവെങ്കിലും പ്രശ്നങ്ങൾ കൂടുന്നതല്ലാതെ കുറയുന്നില്ല. സ്വകാര്യ മേഖലയിൽ മലപ്പുറം ജില്ലയിലെ പൂങ്കുടി മനയിൽ നാറാണത്ത് ഭ്രാന്തന്റെ പിൻമുറക്കാർ നടത്തുന്ന ആത്മീയ ആയുർവേദ ചികിത്സാ കേന്ദ്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇതിനാലാണ് സ്വതന്ത്ര നാട്ടിൽ പോലീസ് സ്റ്റേഷനുകളും കോടതികളും ജയിലുകളും പഞ്ചായത്ത് തോറും ആരംഭിച്ചിട്ടും പ്രശ്നങ്ങൾ വർദ്ധിച്ചു വരുന്നത്. ഒരു നാടിന്റെ മാനസികാരോഗ്യം അളക്കാൻ ഇതിലും വലിയ അളവുകോൽ ആവശ്യമില്ല. അവിടെയാണ് ബാറുകളുടെ എണ്ണം ആയിരത്തിലധികമാകുന്നതും ലോട്ടറി ബിസിനസ്സ് പതിനായിരം കോടി കവിയുന്നതും. എല്ലാം നല്ല ലക്ഷണങ്ങൾ തന്നെ! ഒരു നാടിന്റെ ഈ ദുരവസ്ഥയുടെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണ്. അതിനാവശ്യമായ ആസൂത്രണങ്ങളും പദ്ധതികളും നടപ്പിലാക്കേണ്ടതുമാണ്. എന്നാൽ, ' ചങ്ങലയ്ക്ക് ഭ്രാന്ത് ' എന്ന് മഹാദുരന്തത്തിലാണ് ഇവിടെ കാര്യങ്ങൾ.

പ്രതീക്ഷയുടെ വെളിച്ചം അസ്തമിക്കുന്നിടത്താണ് മന:ശ്രീ മിഷൻ ഈ മഹാദൗത്യം ആരംഭിക്കുന്നത്. ഏവരുടെയും ഹൃദയം നിറഞ്ഞ സഹകരണം അഭ്യർത്ഥിക്കുന്നു. കാലം അനിവാര്യമാക്കുന്ന ഒരു നിയോഗമായി ഈ മഹത്തായ ദൗത്യം മന:ശ്രീ മിഷൻ ഏറ്റെടുത്തു പ്രവർത്തനം തുടരുകയാണ്. ഏവർക്കും വളരെ സ്നേഹത്തോടെ ഹൃദയം 💓 നിറഞ്ഞ കൃതജ്ഞതയും നന്ദിയും അറിയിക്കുന്നു 🙏

Join Our Mailing List

For receiving our news and updates in your inbox directly.